പിറന്നാൾ വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലായിരുന്നു വൈഗ. കഴിഞ്ഞവർഷത്തെ പോലെ പട്ടുപാവാടയും കൊലുസും എനിക്ക് വേണ്ട അത് കൂട്ടുകാരികളെ കാണിക്കാൻ കൊള്ളില്ല എന്നും അച്ഛനോട് പരാതി പറയുകയായിരുന്നു വൈഗ. അതിനിടയിൽ ആയിരുന്നു ഞാൻ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് അതുണ്ടാക്കിയ വേലക്കാരിയായ ജാനു അമ്മയെ നോക്കി വൈഗ പറഞ്ഞു. ഇതല്ലല്ലോ ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് എനിക്ക് വേണ്ട.
ഈ ജാനു അമ്മയ്ക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല നമുക്ക് ജാനുമ്മയെ പറഞ്ഞു വിടാം. അവൾ പറഞ്ഞതിനോട് യോജിച്ചുകൊണ്ട് അമ്മയും മറുപടി പറഞ്ഞു. അതും പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് പുറത്ത് ഭക്ഷണം ഓർഡർ ചെയ്തു.നിറഞ്ഞ കണ്ണുകളോടെ ജാനു അമ്മ മഹിയുടെ അടുത്തേക്ക് ചെന്നു. മോനേ എന്നെ പറഞ്ഞു വിടരുത് ഈ പ്രായത്തിൽ ഞാൻ വേറെ എവിടെ ജോലിക്ക് പോകാനാണ്. ജാനു അമ്മയെ സമാധാനപ്പെടുത്തിക്കൊണ്ട് റൂമിലേക്ക് പോയി. ഫോണെടുത്ത് അമ്മയെ വിളിച്ചു.
അമ്മയുടെ വിശേഷങ്ങൾ എല്ലാം തന്നെ ചോദിച്ചു. വൈഗ യുടെ പിറന്നാളിന് അച്ഛനും അമ്മയും വരുന്നില്ലേ എന്ന് ചോദിച്ച മഹിയോട് ഇല്ല മോനെ നിന്റെ ഭാര്യയുടെ അച്ഛന്റെ പൊങ്ങച്ചം കേട്ട് അവിടെ നിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല. നിങ്ങളെല്ലാവരും കൂടി അവളുടെ പിറന്നാളാഘോഷിക്ക്. അവളുടെ പിറന്നാളിന് സന്തോഷത്തിന് ഇവിടെ അടുത്തുള്ള അംഗനവാടിയിലെ കുട്ടികൾക്ക് അച്ഛൻ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നുണ്ട്. ഫോൺ വിളിച്ചു കൊണ്ടിരിക്കവേ മഹിയുടെ അടുത്തേക്ക് കടന്നു വന്നു.
അച്ഛൻ എവിടെയായിരുന്നു. മഹി മകളോട് പറഞ്ഞു നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാം മോള് റെഡിയായിരുന്നോ ഒരു സർപ്രൈസ് ആണ്. പിറ്റേദിവസം അച്ഛനും മകളും കൂടി യാത്ര തുടർന്നു. ഒരു ചെറിയ ഓടിട്ട വീട്ടിലേക്ക് വണ്ടി കയറ്റി. കൂടെ കുറെ സാധനങ്ങളും. മഹിയെ കണ്ടതും ആ വീട്ടിൽ നിന്നും ചെറിയ രണ്ടു കുട്ടികൾ ഓടി വന്നു. അത് ജാനു അമ്മയുടെ മകളുടെ വീടായിരുന്നു. വൈഗയും അച്ഛനും വീട്ടിലേക്ക് കയറിച്ചെന്നു. ആ കൊച്ചു വീട്ടിലെ അവസ്ഥകളെല്ലാം കണ്ട് അവൾ അന്താളിച്ചു നിന്നു. എന്നാൽ ആ രണ്ടു പെൺകുട്ടികളുമായും അവൾ പെട്ടെന്ന് തന്നെ കൂട്ടായി. അവർ അവൾക്ക് കൊടുത്ത ചെറിയ പലഹാരങ്ങൾ മടിയോടെയാണെങ്കിലും അവൾ കഴിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയ അവൾ അച്ഛനോടായി പറഞ്ഞു എനിക്കും ഇതുപോലുള്ള രണ്ട് അനിയത്തി കുട്ടികളെ വേണം.
അച്ഛൻ പറഞ്ഞു അനിയത്തി കുട്ടികൾ ആവാൻ ഒരേ അമ്മയുടെ വയറ്റിൽ ജനിക്കണം എന്ന് ഇല്ല മകളെ. ഇതും പറഞ്ഞ് അച്ഛൻ നേരെ പോയത് ഒരു അനാഥമന്ദിരത്തിലേക്ക് ആയിരുന്നു. അവിടെയുള്ളവരോട് അച്ഛൻ പെരുമാറുന്നത് കണ്ട് അച്ഛന് ഇവരെയെല്ലാം നേരത്തെ തന്നെ അറിയാമെന്ന് അവൾക്ക് മനസ്സിലായി. ഇതെല്ലാം തന്നെ അവൾക്ക് ഒരു അത്ഭുതമായിരുന്നു. പിറന്നാൾ പ്രമാണിച്ച് അവർക്ക് എല്ലാവർക്കും വസ്ത്രം വാങ്ങിയായിരുന്നു അവർ എത്തിയത്. വൈഗ തന്നെ അവളുടെ കൈകൊണ്ട് എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നൽകി. പുതിയ വസ്ത്രങ്ങൾ ലഭിച്ച അവരുടെ മുഖത്തെ സന്തോഷം കണ്ട് അവൾ ശരിക്കും കരഞ്ഞുപോയി.
അവിടെ ചെറിയൊരു കട്ടിലിൽ ചെറിയ മുറിയിൽ ഇത്രയും പേർ ഒരുമിച്ച് ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ എല്ലാം അവൾ നേരിട്ട് അറിഞ്ഞു. പതിയെ അവൾ തിരിച്ചറിഞ്ഞു തുടങ്ങി താൻ ചെയ്ത തെറ്റുകൾ എന്താണെന്ന്. അച്ഛനോട് വൈഗ പറഞ്ഞു എനിക്ക് തരാവുന്നതിലും വെച്ച് ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് അച്ഛൻ തന്നത്. ഇപ്പോൾ എനിക്ക് ആഗ്രഹമുണ്ട് ഇതുപോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യണം. ഞാനും കൂട്ടുകാരും ചേർന്ന് അതിനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ പോവുകയാണ് അച്ഛാ. മകളുടെ ഈ മാറ്റത്തിൽ ഏറെ സന്തോഷവാനായിരുന്നു മഹി. ചില തിരിച്ചറിവുകൾ അങ്ങനെയാണ് വൈകിയാണെങ്കിലും അത് സംഭവിച്ചിരിക്കും.