ചായം പൂശുന്നവന്റെ ചായങ്ങളില്ലാത്ത നൊമ്പരങ്ങൾ ഇരുട്ടിന്റെ കനം കൂടിവരുന്ന വഴിവക്കിൽ ദീപങ്ങളിൽ എല്ലാം ചിലത് അണഞ്ഞു കഴിഞ്ഞിരിക്കുന്നു ബാക്കിയുള്ളത് കാലപ്പഴക്കങ്ങളാൽ മങ്ങി പോയിരിക്കുന്നു. കുറച്ചു ദൂരെ കോലായിൽ കത്തി കൊണ്ടിരിക്കുന്ന വെളിച്ചം കാണാം അവിടെ പാതി തുറന്ന വാതിലിൽ തന്നെ നോക്കിയിരിക്കുന്ന കണ്ണുകളെയും കാണാം. രാവിലെ ജോലിക്ക് പോകുമ്പോൾ മകൾ എഴുന്നേറ്റിരുന്നില്ല എന്നാൽ ഉച്ചയ്ക്ക് അവൾ ഓർമിപ്പിച്ചത് ആയിരുന്നു അവളുടെ പിറന്നാളാണ് എന്ന്.
കൂട്ടുകാരികളുടെ എല്ലാം പിറന്നാളിന് അവർക്ക് അവരുടെ അച്ഛനമ്മമാർ വാങ്ങിക്കൊടുത്ത സമ്മാനങ്ങൾ എല്ലാം തന്നെ മകൾ വളരെ സ്നേഹത്തോടെ തനിക്ക് കാണിച്ചു തരാറുണ്ടായിരുന്നു എന്ന് ഉപ്പ ആലോചിച്ചു. ഇന്നാണെങ്കിൽ ജോലികഴിഞ്ഞ് ഉടമസ്ഥന്റെ കയ്യിൽ നിന്ന് പൈസ കിട്ടിയിട്ടും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് പെയിന്റ് അടിച്ച് വീട് പൂർത്തിയാക്കി കൊടുത്താലും കൃത്യസമയത്ത് പൈസ തരാതിരിക്കുമ്പോൾ അത് വലിയ സങ്കടങ്ങൾ ഉണ്ടാക്കാറുണ്ട് എല്ലാവരും തന്നെ പണി സൈറ്റിൽ നിന്ന് പോയിരിക്കുന്നു.
കുറച്ചുനേരം കഴിഞ്ഞാൽ ജോലിക്കാരെല്ലാവരും പൈസ കിട്ടുവാനായി മെസ്സേജ് അയച്ചു തുടങ്ങും. അവർക്ക് എന്തറിയാം എനിക്ക് പൈസ കിട്ടിയാൽ അല്ലേ അവർക്ക് കൊടുക്കാൻ സാധിക്കൂ. എങ്കിലും എവിടെ നിന്നെങ്കിലും കടം മേടിച്ചായാലും അവർക്കുള്ള പൈസ കൊടുക്കും. അവർ മാത്രമല്ല വാട്സ്ആപ്പ് തുറന്നു നോക്കുകയാണെങ്കിൽ പിരിവിന് വേണ്ടി ഒരു വലിയ നില തന്നെ ഉണ്ടാകും. ദിവസവും നാലഞ്ച് പേരെ കൊണ്ട് പണിയെടുപ്പിക്കുന്ന തന്റെ കയ്യിൽ പൈസ ഇല്ല എന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്. എന്നാൽ തന്നെ പോലെയുള്ള ജോലിക്കാരുടെ അവസ്ഥ മറ്റുള്ളവർക്ക് പറഞ്ഞാൽ എങ്ങനെ മനസ്സിലാക്കാനാണ്.
കയ്യിലാണെങ്കിൽ ചിലവിനുള്ള പൈസ മാത്രമേയുള്ളൂ അത് മകൾ പറഞ്ഞതുപോലെ ബർത്ത്ഡേക്കുള്ള കേക്കും മറ്റ് സാധനങ്ങളും മേടിക്കാൻ ഒന്നും തികയില്ല. താനും. എല്ലാം ആലോചിച്ച് നടന്നപ്പോഴേക്കും വീടിന്റെ മുന്നിലെത്തി കഴിഞ്ഞിരുന്നു തന്നെ കണ്ടതും മകൾ ഓടി വന്നു അവൾ നോക്കിയത് കയ്യിലുള്ള പൊതിയിലേക്ക് ആയിരുന്നു. അത് അവളെ ഏൽപ്പിച്ച കുളിക്കാൻ പോകുമ്പോൾ എന്തായിരിക്കും അവളുടെ പ്രതികരണം എന്നറിയാൻ കാത്തിരുന്നു. നല്ല ചൂടുള്ള സമയത്ത് രണ്ടു നില കെട്ടിടത്തിന്റെ മുകളിൽ നിന്നുകൊണ്ട് വെള്ള പെയിന്റ് അടിക്കുമ്പോൾ പ്രകാശം വന്ന് കണ്ണിലേക്ക് അടിച്ച് കണ്ണു മിന്നി പോകുന്ന അവസ്ഥ എപ്പോഴും ഉണ്ടാകാറുണ്ട്.
ഇതുപോലെ രാത്രിയിൽ തല നരയ്ക്കുമ്പോൾ മാത്രമായിരുന്നു അതിനൊരു ആശ്വാസം കിട്ടുന്നത്. ആദ്യം ഒരു പെയിന്റ് അടിച്ചതിനുശേഷം ഉടമസ്ഥർക്ക് അത് ഇഷ്ടമാകാതെ വീണ്ടും അത് മാറ്റി അടിച്ച് അവർ പറയുന്ന സമയത്ത് ജോലിയെല്ലാം തീർത്ത് വീട് പൂർത്തിയായി കയ്യിൽ കൊടുക്കുമ്പോൾ ഉടമസ്ഥന്റെ മുഖത്ത് ഉണ്ടാകുന്ന ആ പുഞ്ചിരി കാണുമ്പോൾ ആയിരിക്കും മനസ്സ് നിറയുന്നത്. പക്ഷേ കൂലി ചോദിച്ചു ചെല്ലുമ്പോൾ ആയിരിക്കും നാളെ തരാം എന്ന് പറഞ്ഞ് അവർ ഒഴിവ് പറയുന്നത്.
എങ്കിൽ തന്നെയും അതൊന്നും തന്നെ മുഖത്ത് കാണിക്കാതെ കാലിയായ പോക്കറ്റുമായി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഇതുപോലെ ഒരുപാട് ആഗ്രഹങ്ങൾക്കായി നോക്കിയിരിക്കുന്ന മനസ്സുകൾ അവിടെയും ഉണ്ടാകും. കുളി കഴിഞ്ഞ് പുറത്തേക്ക് എത്തിയപ്പോൾ മകളുടെ മുഖത്ത് യാതൊരു സന്തോഷവും കാണുന്നില്ല. അവളോട് ഒന്നും പറയാതെ തിരികെ പോരുമ്പോൾ ഉപ്പ എന്നൊരു വിളി. ഉപ്പയ്ക്ക് ഇന്ന് പൈസ കിട്ടാഞ്ഞത് കൊണ്ടാണ് ഈ ചെറിയ സമ്മാനം വാങ്ങിയത് അടുത്ത പ്രാവശ്യം പിറന്നാൾ നമുക്ക് ആഘോഷിക്കാം.
ഇല്ല ഉപ്പ ഇതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവർക്കും തന്നെ പിറന്നാൾ ദിവസം സമ്മാനങ്ങൾ കിട്ടണമെന്നില്ലല്ലോ പക്ഷേ ഉപ്പയ്ക്ക് പറ്റുന്ന രീതിയിൽ എനിക്ക് സമ്മാനം വാങ്ങി തന്നല്ലോ അത് തന്നെ ധാരാളം. ഇതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ മകൾക്ക് സാധിക്കുന്നുണ്ടെന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴുള്ള കഷ്ടപ്പാടുകൾ എല്ലാം മാറി ഒരു ദിവസം എല്ലാം നന്നായി തന്നെ മുന്നോട്ടു പോകും എന്ന പ്രതീക്ഷയിൽ ആയിരുന്നു അപ്പോഴും അയാൾ.