ചോറിന്റെ കൂടെ കഴിക്കാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യമില്ല. രുചികരമായ ഒരു കറി ഉണ്ടെങ്കിൽ തന്നെ ഒരുപാട് ചോറുണ്ണാം. ഇനി ചോറ് കഴിക്കാൻ രുചികരമായ മീൻ കുരുമുളകിട്ട് വരട്ടിയത് ഉണ്ടാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഉണ്ടാക്കാൻ എടുത്ത് വച്ചിരിക്കുന്ന മീൻ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം അരമണിക്കൂർ നേരം അടച്ചു മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം മസാല പുരട്ടി വെച്ച ഓരോ മീനും ഇട്ട് മുകാൽ ഭാഗത്തോളം വറുത്ത് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനു ശേഷം അതേ എണ്ണയിലേക്ക് അരക്കപ്പ് ചെറിയുള്ളി ചെറുതായരിഞ്ഞത്, ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, 2 പച്ചമുളക് ആവശ്യത്തിനു കറിവേപ്പില ഇവയെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. എല്ലാം വഴന്നു വന്നതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ കുരുമുളക് പൊടി, അരടീസ്പൂൺ ചതച്ച വറ്റൽ മുളക് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം പോകുന്നതുവരെ നന്നായി വഴറ്റി കൊടുക്കുക. അതിനുശേഷം ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി ചെറുതായൊന്ന് വഴന്നു വന്നതിനുശേഷം വറുത്തു വെച്ചിരിക്കുന്ന മീൻ ഇട്ട് കൊടുത്തത് ഇളക്കിയോജിപ്പിക്കുക. അതിനുശേഷം അടച്ച് വെച്ച് 10 മിനിറ്റ് വേവിക്കുക. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇളക്കുക. മീൻ എല്ലാം പാകം ആയതിനുശേഷം ഇറക്കി വയ്ക്കാം. ഇനി ഏതു മീൻ ആയാലും ഈ രീതിയിൽ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.