പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം മോര് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചോറ് ഉണ്ണാൻ മോര് ഉണ്ടെങ്കിൽ അതു തന്നെ ധാരാളം. ഇനി തേങ്ങ അരക്കാതെ മോരുകറി വളരെ രുചികരമായി തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 4 പച്ചമുളക് ചെറുതായരിഞ്ഞത്, നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില, ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
എല്ലാം നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിനു ശേഷം കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് ഇളക്കുക. ശേഷം മുറിച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ കഷ്ണങ്ങൾ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യമായ ഉപ്പും ചേർക്കുക.
അതിനുശേഷം ഇളക്കി യോജിപ്പിക്കുക. അൽപസമയം അടച്ച് വെച്ച് വേവിക്കുക. കുമ്പളങ്ങാ ഉടഞ്ഞു പോകാതെ ശ്രദ്ധിക്കുക. അതിനുശേഷം ഒരു കപ്പ് തൈര് ചേർക്കുക. പുളിയില്ലാത്ത തൈര് ആണെങ്കിൽ പുളിക്ക് അനുസരിച്ച് തൈര് ചേർത്ത് കൊടുക്കുക. കട്ട തൈര് ആണ് എടുക്കുന്നത് എങ്കിൽ കറിയിലേക്ക് ഒഴിക്കുന്നതിനു മുൻപായി മിക്സിയിലിട്ട് കറക്കി അതിനുശേഷം കറിയിലേക്കൊഴിക്കുക.
ശേഷം കറി ഒന്ന് ചൂടായാൽ തീ ഓഫ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് അരടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് രണ്ട് നുള്ള് ഉലുവ ചേർക്കുക. മൂന്ന് വറ്റൽ മുളക്, ഒരു ടീസ്പൂൺ ഉള്ളി ചതച്ചത് ചേർത്ത് മൂപ്പിച്ചെടുക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇളക്കി യോജിപ്പിച്ചതിനുശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.