മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ഗോപിക. മലയാള ചലച്ചിത്ര മേഖലയിൽ ഇപ്പോൾ സജീവപങ്കാളിത്തം ഇല്ലെങ്കിലും ഒരു നടിയെന്ന മലയാളി സങ്കൽപ്പങ്ങൾക്ക് തികച്ചും ഒരു ഉദാഹരണമാണ് ഗോപിക. ഗേർളി ആന്റോ എന്ന യഥാർത്ഥ പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം ഗോപിക എന്ന വിളിപേരാണ്. 2003 മുതൽ 2013 വരെയുള്ള കാലയളവിൽ മോഡലായും താരമായും ഗോപിക പ്രവർത്തിച്ചിരുന്നു.
തുളസീദാസ് സംവിധാനം ചെയ്ത ജയസൂര്യയും വിനീതും ഒരുമിച്ച് അഭിനയിച്ച ‘പ്രണയമണിതൂവൽ’ ആയിരുന്നു ഗോപികയുടെ ആദ്യത്തെ ചിത്രം. കാര്യമായ ജനശ്രദ്ധ ആ ചിത്രത്തിന് കിട്ടിയിരുന്നില്ല. എന്നാൽ, ഗോപികയുടെ രണ്ടാമത്തെ ചിത്രമായ ‘ഫോർ ദ പീപ്പിൾ’ ഒരു ബ്ലോക്ക്ബസ്റ്റർ തന്നെയായിരുന്നു. കൂടാതെ പല ഇന്ത്യൻ ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് മാറ്റിയിരുന്നു.
മേജർ രവി സംവിധാനം ചെയ്ത കീർത്തിചക്ര യിൽ ജീവയുടെ കൂടെയും പച്ചക്കുതിര യിൽ ദിലീപിന്റെ കൂടെയും ഗോപിക അഭിനയിച്ചിരുന്നു. ദിലീപിന്റെ കൂടെ അഭിനയിച്ച മറ്റൊരു ചിത്രമായ ചാന്തുപൊട്ടും ഹിറ്റായിരുന്നു. ‘വെറുതെ ഒരു ഭാര്യ’എന്ന ചിത്രത്തിലൂടെ ഗോപികയ്ക്ക് ഏഷ്യാനെറ്റിന്റെ മികച്ച നടിക്കുള്ള അവാർഡും ലഭിച്ചിരുന്നു.
ചലച്ചിത്രരംഗത്ത് നിന്ന് വിട്ടു നിന്ന ഗോപിക തന്റെ കുടുംബത്തോടുകൂടി അയർലൻഡിൽ ആയിരുന്നു താമസം. പിന്നീട് ഓസ്ട്രേലിയയിലേക്ക് പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ ഗോപിക കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് സഹോദരിയായ ഗ്ലിനി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കളോടൊപ്പമുള്ള ചിത്രങ്ങളും മക്കളോടൊപ്പമുള്ള ചിത്രങ്ങളും ആണ് ഉള്ളത്.