വെള്ളക്കടല ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ഓരോരുത്തരും പല തരത്തിലായിരിക്കും തയ്യാറാക്കി എടുക്കുന്നത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വ്യത്യസ്തമായ വെള്ളക്കടല തയ്യാറാക്കാം. അതിനായി ഒന്നരക്കപ്പ് വെള്ളക്കടല വെള്ളത്തിലിട്ട് കുതിർത്ത് വെക്കുക. അതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിലേക്ക് ഓരോ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. അതിലേക്ക് രണ്ട് വറ്റൽ മുളക് ചേർത്ത് കൊടുക്കുക.
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഒന്നേകാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർത്തു നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ് മുളകുപൊടിയും ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യമായ കുരുമുളകുപൊടിയും ചേർത്ത് കൊടുക്കുക.
ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. തക്കാളി വെന്തു വന്നതിനുശേഷം വേവിച്ചുവെച്ചിരിക്കുന്ന കടല ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. വെള്ളം എല്ലാം വറ്റി വന്നാൽ ഇതിലേക്ക് അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് ഇളക്കി ഇറക്കിവെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.