സാധാരണയായി കുട്ടികൾ കഴിക്കാൻ മടിക്കുന്ന ഒരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങയിലെ ചെറിയ വഴുവഴുപ്പ് ആളുകൾ ഇതു കഴിക്കുന്നതിൽ നിന്നും പിന്മാറുന്നു. എന്നാൽ വളരെയധികം രുചികരമായ ഇത് നല്ല രീതിയിൽ കറിവെച്ച് കൊടുക്കുകയാണെങ്കിൽ ആരായാലും കഴിക്കും. എരിവും പുളിയും എല്ലാം ചേർന്ന് വ്യത്യസ്തമായ രീതിയിലുള്ള ഒരു വഴുതന തയ്യാറാക്കാം. ഇത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു വഴുതനങ്ങ ചെറിയ കഷണങ്ങളാക്കി എടുക്കുക.
അതിലേക് കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ഒരു ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്കൊരു ടീസ്പൂൺ ഉലുവ ഇട്ട് കൊടുക്കുക. ശേഷം രണ്ടു വറ്റൽ മുളക് ചേർത്തു കൊടുക്കുക.
അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും മൂന്നു പച്ചമുളക് കീറിയതും ചേർക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള വഴന്നു വന്നതിനുശേഷം അതിലേക്കൊരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിനാവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിക്കുക.
ശേഷം കറിയിലേക്ക് ആവശ്യമായ വെള്ളവും കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കറി തിളച്ചു വരുമ്പോൾ അതിലേക്ക് വഴുതനങ്ങ ചേർത്തു കൊടുക്കുക. ശേഷം നന്നായി വേവിച്ചെടുക്കുക. വഴുതന നല്ലതുപോലെ വെന്തു കറി കുറുകി വരുമ്പോൾ അതിലേക്ക് രണ്ടു നുള്ള് ശർക്കര ചേർക്കുക. അതിനുശേഷം ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.